nishchalam.blogspot.com

Sunday, February 25, 2007

സൂപ്പര്‍ കിഡ്


മാതൃഭൂമിയും ജോയ് അലുക്കാസും ചേര്‍ന്ന് നടത്തുന്ന ‘സൂപ്പര്‍ കിഡ്’ മത്സരത്തിന്‍റെ പ്രചരണബാനറാണ് ചിത്രത്തില്‍. കൊച്ചു മിടുക്കര്‍ക്ക് ഒന്നരക്കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ നാലു കുട്ടികളും കാഴ്ചയില്‍ മിടുക്കര്‍ തന്നെ, ചിത്രം നന്നായിട്ടുമുണ്ട്. പക്ഷെ എന്‍റെ പ്രശ്നം അതല്ല. എന്തുകൊണ്ട് എല്ലാ കുട്ടികളുടേയും നിറം വെളുപ്പ് മാത്രമായി? എന്തുകൊണ്ട് ഒരു കറുത്ത കുട്ടി ഈ പോസ്റ്ററില്‍ ഇടം നേടിയില്ല? എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്? ഈ പോസ്റ്റര്‍ കാണുന്ന നിറമല്പം കുറവുള്ള കുട്ടിയ്ക്ക് വിഷമം തോന്നിയാല്‍, അത് കഷ്ടമല്ലേ? ഭാഗ്യത്തിന് നാലുപേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയായിട്ടുണ്ട്. ദുരിതവും പട്ടിണിയുമൊക്കെയായി ബന്ധപ്പെട്ട ബാനറായിരുന്നെങ്കില്‍, ഇതിലൊരു കറുത്ത കുട്ടിയായേനേ ഉണ്ടാവുക, അല്ലേ? അങ്ങനെ ഒരു സിംബോളിക് സെപ്പറേഷന്‍ ഇന്ന് സമൂഹത്തിനാവശ്യമോ? അങ്ങിനെയൊരു സെപ്പറേഷന്‍ ഇന്നുണ്ടോ? മാതൃഭൂമിപോലെയുള്ള ദിനപ്പത്രങ്ങള്‍ തീര്‍ച്ചയായും ഇത്തരം പ്രവണതകള്‍ തുടരുവാന്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും ഇത്തരം ബാനറുകളാവരുത് പുതുതലമുറയെ നയിക്കുന്നത്. ഇതിലൊരു കറുത്ത കുട്ടിക്കു കൂടി ഇടം നല്‍കിയിരുന്നെങ്കില്‍, എത്ര മനോഹരമായേനേ അതു നല്‍കുന്ന ആശയം!
--

15 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

തൊലിവെളുപ്പ് ഇന്നും മലയാളി മനസില്‍ താലോലിക്കുന്നുവോ? മിടുക്കര്‍ എപ്പോഴും തൊലിവെളുത്തവരായിരിക്കുമോ? മാതൃഭൂമി സൂപ്പര്‍ കിഡ് മത്സരത്തിന്‍റെ പ്രചരണ ബാനര്‍ ശ്രദ്ധിക്കൂ, അങ്ങിനെയല്ലേ തോന്നൂ?
--

myexperimentsandme said...

പല തരത്തിലാവാം.

മാതൃഭൂമി അങ്ങിനെ കാണിക്കാതിരിക്കാം.

അല്ലെങ്കില്‍ “യ്യോ എല്ലാ നിറങ്ങള്‍ക്കും പ്രാതിനിധ്യം വേണമല്ലോ, അല്ലെങ്കില്‍ കുട്ടികളെന്ത് വിചാരിക്കും, വലിയവര്‍ എന്ത് വിചാരിക്കും” എന്നൊക്കെയോര്‍ത്ത് മനഃപൂര്‍വ്വം എല്ലാ കളറും കാണിക്കാം.

ഇനി വെളുത്ത കുട്ടികളെ മാത്രമേ കണ്ടുള്ളൂ, അതുകൊണ്ട് വെളുത്താലേ മിടുക്കനാവൂ എന്നുള്ള ചിന്ത കുട്ടികളില്‍ ഉണ്ടാകാ(ക്കാ)തിരിക്കാം.

ഇതില്‍ വെളുത്ത കുട്ടികള്‍ മാത്രമേ ഉള്ളൂ, കറുത്തവരെയാരെയും കണ്ടില്ലല്ലോ എന്നുള്ള ചുമ്മാ തോന്നലുകളും കുട്ടികളില്‍ ഉണ്ടാക്കാതിരിക്കാം.

പരസ്യമല്ല ജീവിതം എന്ന് കുട്ടികളെ പഠിപ്പിക്കാം.

വേര്‍തിരിവുകള്‍, പരസ്യത്തിലായാലും ജീവിതത്തിലായാലും, ഉണ്ടാക്കാതിരിക്കാം. ഇത്തരം പരസ്യങ്ങള്‍ കണ്ടാല്‍ ഇനി അത് ശ്രദ്ധിക്കണമെങ്കില്‍ തന്നെയും അതിലെ കുട്ടികളുടെ കളറിന് പ്രാധാന്യം കൊടുക്കാതെ മിടുക്കനാവുക എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കുന്ന രീതിയില്‍ കുട്ടികളെ ചിന്തിപ്പിക്കാന്‍ പരിശീലിപ്പിക്കാം (കൊച്ചുകുട്ടികളുടെ മിടുക്കിന് കാശ് കൊടുത്ത് അംഗീകാരം കൊടുക്കുന്ന രീതിയോട് തന്നെ എന്തോ ഒരു ഇത്-ഇനി ഈ പരസ്യം എല്ലാ കളറും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നെങ്കില്‍ തന്നെ-ചുമ്മാ ഒരു ഇടതുപക്ഷ ചിന്താഗതി. കുഞ്ഞുങ്ങളെ ഇപ്പോള്‍ തന്നെ കോടികളുടെ വലിപ്പമൊക്കെ കാണിച്ച് കൊടുക്കണോ).

ഈ പരസ്യം കണ്ട് ഒന്നും തോന്നാതിരിക്കാം (അ(പരസ്യ)രാഷ്ട്രീയത).

എന്തെല്ലാം ഉദാത്തമായ (ഒവ്വ ഒവ്വേ) ചിന്തകള്‍... നടന്നത് തന്നെ.

പക്ഷേ ഒരു കളര്‍ കോമ്പ്ലാന്‍ വെച്ച് ജീവിച്ചിരുന്നെങ്കില്‍ ഞാനൊക്കെ...

ഓര്‍മ്മ വെച്ച കാലം മുതല്‍‌ക്കേ ഫാരക്സ് ബേബികളെയും അമുല്‍ ബേബികളെയും പരസ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ളത് കാരണം ഇതൊന്നും നാട്ടിലൊന്നുമുള്ള പിള്ളേരല്ല എന്നൊരു ചിന്ത ആശ്വാസമായി വന്നത് കാരണമാണോ എന്നറിയില്ല, വലിയ അപകര്‍ഷതാ ബോധമൊന്നും അതിന്റെ പേരില്‍ ഉണ്ടായില്ല.

അതേ സമയം നല്ലപോലെ പാടുന്ന/വരയ്ക്കുന്ന/എഴുതുന്ന/പഠിക്കുന്ന/
കളിക്കുന്ന/എന്നെക്കാള്‍ നല്ലപോലെ
(എന്റെ തന്നെയുള്ള നിലവാരോമീറ്റര്‍ അനുസരിച്ച്) എന്തും ചെയ്യുന്ന ആരെ കണ്ടാലും ഇറസ്‌പെക്ടീവ് ഓഫ് കളര്‍/കാസ്റ്റ്/ക്രീഡ്/ജാതി/മത/വര്‍ഗ്ഗ/വര്‍ണ്ണ/ (ലിംഗമില്ല, പരാക്രമം സ്തീകളോടല്ലേ വേണ്ടൂ എന്നല്ലല്ലോ)... മുഴുത്ത അസൂയ ഉണ്ടായിരുന്നു താനും.

ഇപ്പോള്‍ ഇത്രയും എഴുതാന്‍ കാരണം വേറേ പണിയൊന്നുമില്ല എന്നത് തന്നെ. ഹരീ ക്ഷമീ :)

myexperimentsandme said...

ബേബിയെ ഞാന്‍ അന്നൊന്നും കണ്ടിരുന്നില്ല എന്ന് പറയാന്‍ മറന്നു :) (ദില്ലബ്‌ദുള്ളേ, ഇസ്മായിലി, ഇസ്മായിലി)

Haree said...

അതെ,
മാതൃഭൂമി അങ്ങിനെ കാണില്ലായിരിക്കാം... ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമല്ലോ എന്നതല്ല പ്രശ്നം, ഇത് എല്ലാ കുട്ടികള്‍ക്കും വേണ്ടിയാണോ? എല്ലാവരും ഇതില്‍ തുല്യരാണോ? എന്നൊക്കെയുള്ളതാണ്. അങ്ങിനെ നോക്കുമ്പോള്‍ പ്രാതിനിധ്യം കൊടുക്കേണ്ടതാണ്.
--
ഫോട്ടോയിലുള്ള ബേബി ആരാണാവോ?

Unknown said...

ഓര്‍മ്മ വെച്ച കാലം മുതല്‍‌ക്കേ ഫാരക്സ് ബേബികളെയും അമുല്‍ ബേബികളെയും പരസ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ളത് കാരണം ഇതൊന്നും നാട്ടിലൊന്നുമുള്ള പിള്ളേരല്ല എന്നൊരു ചിന്ത ആശ്വാസമായി വന്നത് കാരണമാണോ എന്നറിയില്ല, വലിയ അപകര്‍ഷതാ ബോധമൊന്നും അതിന്റെ പേരില്‍ ഉണ്ടായില്ല.

വക്കാരിച്ചാ,
ഇതുമായി ചേര്‍ത്ത് വായിക്കാനാണോ എന്റെ പടമിട്ടത്? എന്നാലും ഈ ചതി എന്നോട്.. ങീ ങീ.. :-)

ഹരീ,
ആ ഫോട്ടോയിലെ ബേബി ഞമ്മളാണ് മ്വോനേ..:-(

Peelikkutty!!!!! said...

പരസ്യത്തിലൊക്കെ കണ്ട ചുന്ദര വാവകളെല്ലാം ദില്‍ബു ആയിരുന്നൂ‍ൂ‍ൂ‍ൂ എന്നാണൊ വക്കാരി ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നെ?
(സ്മൈലി)

അതുല്യ said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=2064841&BV_ID=@@@

വക്കാരീയേയ്‌ ഇതും കൂടെ വായിയ്കെന്നേ.

Haree said...

അതെ, പീലിക്കുട്ടിയുടെ സംശയം തന്നെ എനിക്കും. വക്കാരി എന്താണ് ശരിക്കും ഉദ്ദേശിച്ചത്... പടത്തിലെ ആള് കൊള്ളാട്ടോ!
അതുല്യയുടെ ലിങ്ക് പൂര്‍ണ്ണരൂപത്തില്‍ കാണുവാന്‍ സാധിക്കുന്നില്ല... ടെക്സ്റ്റ് ലിങ്കായി നല്‍കിയാല്‍‍ നന്നായിരുന്നു.
--

Unknown said...

പടത്തിലെ ആള് കൊള്ളാട്ടോ!

എനിക്ക് ഇനി മരിച്ചാലും വേണ്ടില്ല ഹരീ!:-)

അല്ല ഈ വക്കാരിയണ്ണന്‍ എന്തുദ്ദേശിച്ചാ എന്റെ പടം ഈ ബേബിപ്പോസ്റ്റില്‍ ഇട്ടത് എന്ന് വ്യക്തമാക്കണാം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. പല ഊഹാപോഹങ്ങളും പ്രചരിക്കുന്ന സ്ഥിതിയ്ക്ക് പ്രത്യേകിച്ചും :-)

Peelikkutty!!!!! said...

ഹരീ, എനിക്കൊരു സം‌ശയവും ഇല്ലേ!
qw_er_ty

Unknown said...

വക്കാരിയണ്ണന്‍ പടം കട്ടേയ്.. :-)

വിശാലമനസ്കനായ ഒരു മനുഷ്യനാണെങ്കിലും ഈ പോസ്റ്റിലെ പടത്തിന് ഒരു ക്രെഡിറ്റ് കൊടുക്കായിരുന്നു. :-)

ഫെബ്രുവരി കഴിയാറായ സ്ഥിതിയ്ക്ക് ഇനി ഇതിന്റെ പേരില്‍ മാര്‍ച്ചും ഏപ്രിലുമൊക്കെ വരുമായിരിക്കും. ;-)

ഇടിവാള്‍ said...

ഹരി പറഞ്ഞത് കാര്യം..

ചേര്‍ത്ത് വായിക്കാന്‍ ഞാനും തരാം 2-3 എണ്ണം കൂടെ!

1) എന്തു കൊണ്ട് കാവ്യാ മാധവനും, മമതയും, മീരാ ജാസ്മിനുമൊക്കെ സിനിമയില്‍ നായികമാരാവുന്നു? വെങ്കിടങ്ങിലെ ഗോപാലേട്ടന്റെ മോള്‍ക്kക് സീമക്ക് നായികയായിക്കൂടെ? അവള്‍ക്കെന്താ കുഴപ്പം, അലപ്ം കറുത്തൂപോയെന്നോ? ഹല്ലാപിന്നെ..

2)എന്തുകൊണ്ട് മമ്മുട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയുമൊക്കെ മാത്രം സിനിമയില്‍ നായകരാവുന്നു? സലിം കുമാറും കൊച്ചുപ്രേമനുമൊക്കെ എന്താ കുറവ്.. കറുത്തിട്ടാണെന്നോ.. അതോ ഉയരക്കുറവോ?

ഉയരം കുറഞ്ഞവര്‍ക്ക് ഇതൊക്കെ കണ്ടാ വിഷമമാവില്ലേ?

സമത്വം വേണം ..സമത്വം! മനസ്സിലായോ?

Haree said...

പീലിക്കുട്ട്യേ...
ഞാനൊന്നു കൂട്ടു പിടിച്ചപ്പോഴേക്കും കാലുമാറിയോ? :-)
--
ഇടിവാളിനോട്,
1) സിനിമയിലെ കാര്യം വ്യത്യസ്തമാണല്ലോ! അതുപോലെയാണോ കുട്ടികള്‍ക്കായുള്ള ഒരു മത്സരത്തിന്റെ പോസ്റ്റര്‍. പിന്നെ കുക്കു പരമേശ്വരനും, നവ്യ നായരുമൊന്നും അത്രയൊന്നു സുന്ദരികളല്ലല്ലോ, നിറവും കുറവാണ്. കജോള്‍ മറ്റൊരു നിറം കുറഞ്ഞ നടിയാണ്. (എല്ലാവരും സ്ക്രീനില്‍ വെളുത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നു, മേക്കപ്പ് എന്നതുതന്നെ വെളുപ്പിക്കലാണ് എന്നു വന്നിരിക്കുന്നു)

2) സലിം കുമാര്‍, ശ്രീനിവാസന്‍, രജനീകാന്ത് ഇവരൊക്കെയും നായകരാണല്ലോ! കഥാപാത്രങ്ങള്‍ക്ക് യോജിച്ച രൂപമാവണമെന്നല്ലേ നോക്കുന്നുള്ളൂ. അല്ലെങ്കില്‍ ‘ഈ പറക്കും തളിക’യില്‍ കൊച്ചിന്‍ ഹനീഫ ചോദിക്കുമ്പോലെ ‘ഇവനാണോ സുന്ദരന്‍?’ എന്ന് പ്രേക്ഷകരും ചോദിക്കില്ലേ? ;) ഉയരം കുറഞ്ഞവരും ഇപ്പോള്‍ സ്റ്റാറാണ് കേട്ടോ.

സിനിമയിലെ നായിക നായകന്മാരുമായി ഈ പരസ്യം താരതമ്യം ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമില്ല. സമത്വത്തിനു വേണ്ടി വാദിക്കുകയൊന്നുമല്ല, പക്ഷെ ആ ചിത്രം കണ്ടപ്പോള്‍ എനിക്കങ്ങിനെ തോന്നി... അതിവിടെ പങ്കുവെച്ചുവെന്നുമാത്രം. :)
--

Rajeeve Chelanat said...

പ്രസക്തിയുള്ള പോസ്റ്റ്. പക്ഷേ, ആധുനിക സമൂഹത്തിന്റെ ബോധമനസ്സിലും ഉപബോധമനസ്സിലും ഒരുപോലെ, എന്നും പ്രത്യക്ഷമായിതന്നെ നിലനില്‍ക്കുന്ന ഇത്തരം വര്‍ണ്ണ-വര്‍ഗ്ഗ ബോധത്തെ ആദ്യമായി ശ്രദ്ധിക്കുന്ന മട്ടിലുള്ള ഹരിയുടെ ശുദ്ധത (naivety ആയിരിക്കും കൂടുതല്‍ ശരിക്കുള്ള വാക്ക്)എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. വര്‍ണ്ണവും, സൌന്ദര്യവും, ജാതിയും, പഠിപ്പും, ഉദ്യോഗവും, എന്തിന് ഉയരം പോലും സാമൂഹ്യാംഗീകാരത്തിനുള്ള വഴികളാണ് മഹാശയാ.

കളിവിളക്കു മാത്രമല്ല കണ്ണില്‍ പെടുന്നത് എന്നറിഞ്ഞതിലും സന്തോഷം.

അഭിവാദ്യങ്ങളോടെ

Haree said...

@ രാജീവ് ചേലനാട്,
വര്‍ണ്ണ-വര്‍ഗ്ഗ ബോധത്തെ ആദ്യമായി ശ്രദ്ധിക്കുന്ന മട്ടിലുള്ള ഹരിയുടെ... - അങ്ങിനെ തോന്നേണ്ടതില്ല. ആദ്യമായല്ല ഞാന്‍ പോലും ഇത് ശ്രദ്ധിക്കുന്നതും. പക്ഷെ, ഈ ബ്ലോഗ് വന്നതിനു ശേഷം, ക്യാമറ ഫോണ്‍ ഉപയോഗിച്ചതിനു ശേഷം, ഇങ്ങിനെയൊരു പോസ്റ്റര്‍ കണ്ണില്‍ പെട്ടത് ആദ്യമായാണ്. :)

ബ്ലോഗുകള്‍ സന്ദര്‍ശിച്ചതിന് നന്ദി. :)
--

Next Photo Last Photo Go Home
 
Google+