nishchalam.blogspot.com

Sunday, February 25, 2007

സൂപ്പര്‍ കിഡ്


മാതൃഭൂമിയും ജോയ് അലുക്കാസും ചേര്‍ന്ന് നടത്തുന്ന ‘സൂപ്പര്‍ കിഡ്’ മത്സരത്തിന്‍റെ പ്രചരണബാനറാണ് ചിത്രത്തില്‍. കൊച്ചു മിടുക്കര്‍ക്ക് ഒന്നരക്കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ നാലു കുട്ടികളും കാഴ്ചയില്‍ മിടുക്കര്‍ തന്നെ, ചിത്രം നന്നായിട്ടുമുണ്ട്. പക്ഷെ എന്‍റെ പ്രശ്നം അതല്ല. എന്തുകൊണ്ട് എല്ലാ കുട്ടികളുടേയും നിറം വെളുപ്പ് മാത്രമായി? എന്തുകൊണ്ട് ഒരു കറുത്ത കുട്ടി ഈ പോസ്റ്ററില്‍ ഇടം നേടിയില്ല? എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്? ഈ പോസ്റ്റര്‍ കാണുന്ന നിറമല്പം കുറവുള്ള കുട്ടിയ്ക്ക് വിഷമം തോന്നിയാല്‍, അത് കഷ്ടമല്ലേ? ഭാഗ്യത്തിന് നാലുപേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയായിട്ടുണ്ട്. ദുരിതവും പട്ടിണിയുമൊക്കെയായി ബന്ധപ്പെട്ട ബാനറായിരുന്നെങ്കില്‍, ഇതിലൊരു കറുത്ത കുട്ടിയായേനേ ഉണ്ടാവുക, അല്ലേ? അങ്ങനെ ഒരു സിംബോളിക് സെപ്പറേഷന്‍ ഇന്ന് സമൂഹത്തിനാവശ്യമോ? അങ്ങിനെയൊരു സെപ്പറേഷന്‍ ഇന്നുണ്ടോ? മാതൃഭൂമിപോലെയുള്ള ദിനപ്പത്രങ്ങള്‍ തീര്‍ച്ചയായും ഇത്തരം പ്രവണതകള്‍ തുടരുവാന്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും ഇത്തരം ബാനറുകളാവരുത് പുതുതലമുറയെ നയിക്കുന്നത്. ഇതിലൊരു കറുത്ത കുട്ടിക്കു കൂടി ഇടം നല്‍കിയിരുന്നെങ്കില്‍, എത്ര മനോഹരമായേനേ അതു നല്‍കുന്ന ആശയം!
--

Thursday, February 1, 2007

അറിയാതെ മമ



അറിയാതെ മമ: ദക്ഷയാഗം കഥകളിയിലെ പ്രശസ്തമായ പദം. വിവാഹാനന്തരം ആരേയും അറിയിക്കാതെ ശിവന്‍ സതീ ദേവിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ഇതറിയുന്ന ദക്ഷന്‍, തന്നെക്കാണുവാനെത്തുന്ന ഇന്ദ്രനോട്, അത്യധികം കോപത്തോടെ, തന്‍റെ മകളെ ശിവന് വിവാഹം കഴിച്ചുകൊടുത്തത് തെറ്റായിപ്പോയി എന്നു പറയുന്നതാണ് രംഗം. ചിത്രത്തില്‍ ദക്ഷനായി(ഇടത്ത്) ഏറ്റുമാനൂര്‍ കണ്ണന്‍.

പദം:
അറിയാതെ മമ പുത്രിയെ നല്‍കിയതനുചിതമായിതഹോ!
പരിപാകവുമഭിമാനവും ലൌകികപദവിയുമില്ലാത്ത ഭര്‍ഗന്റെ ശീലത്തെ...
(അറിയാതെ)

ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു,
നല്ലവന് ഇവനെന്നു കരുതീടിനേന്‍ മുന്നം.
കല്യാണം കഴിഞ്ഞപ്പോള്‍ ഉടനെ ആരോടുമിവന്‍
ചൊല്ലിടാതെ പോയതെല്ലാര്‍ക്കും ബോധമല്ലോ!
(അറിയാതെ)

വസ്ത്രമില്ലാഞ്ഞോ ചര്‍മ്മമുടുത്തീടുന്നു,
പരിവാരങ്ങള്‍ ഭൂതങ്ങള്‍ പിശാചങ്ങളുണ്ടനേകം.
നിസ്ത്രപനാഠ്യന്‍ താനെന്നുണ്ടൊരു ഭാവമുള്ളില്‍
നിത്യവും ഭിക്ഷയേറ്റു നീളെ നടന്നീടന്നു.
(അറിയാതെ)

സതിയായ നന്ദിനി മേ, സാധുശീ‍ല ഇവന്റെ
ചതികളെ അറിയാതെ, വിശ്വസിച്ചധുനാ
അതിമാത്രം തപം ചെയ്തു, നില്‍ക്കുമ്പോള്‍ വന്നിവളെ
ആരും ഗ്രഹിച്ചിടാതെ, കൊണ്ടവന്‍ ഗമിച്ചുപോല്‍...
(അറിയാതെ)
--
Next Photo Last Photo Go Home
 
Google+