Thursday, February 1, 2007
അറിയാതെ മമ
അറിയാതെ മമ: ദക്ഷയാഗം കഥകളിയിലെ പ്രശസ്തമായ പദം. വിവാഹാനന്തരം ആരേയും അറിയിക്കാതെ ശിവന് സതീ ദേവിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ഇതറിയുന്ന ദക്ഷന്, തന്നെക്കാണുവാനെത്തുന്ന ഇന്ദ്രനോട്, അത്യധികം കോപത്തോടെ, തന്റെ മകളെ ശിവന് വിവാഹം കഴിച്ചുകൊടുത്തത് തെറ്റായിപ്പോയി എന്നു പറയുന്നതാണ് രംഗം. ചിത്രത്തില്‍ ദക്ഷനായി(ഇടത്ത്) ഏറ്റുമാനൂര്‍ കണ്ണന്.
പദം:
അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായിതഹോ!
പരിപാകവുമഭിമാനവും ലൌകികപദവിയുമില്ലാത്ത ഭര്‍ഗന്റെ ശീലത്തെ...
(അറിയാതെ)
ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു,
നല്ലവന്‍ ഇവനെന്നു കരുതീടിനേന്‍ മുന്നം.
കല്യാണം കഴിഞ്ഞപ്പോള്‍ ഉടനെ ആരോടുമിവന്‍
ചൊല്ലിടാതെ പോയതെല്ലാര്‍ക്കും ബോധമല്ലോ!
(അറിയാതെ)
വസ്ത്രമില്ലാഞ്ഞോ ചര്‍മ്മമുടുത്തീടുന്നു,
പരിവാരങ്ങള്‍ ഭൂതങ്ങള്‍ പിശാചങ്ങളുണ്ടനേകം.
നിസ്ത്രപനാഠ്യന്‍ താനെന്നുണ്ടൊരു ഭാവമുള്ളില്‍
നിത്യവും ഭിക്ഷയേറ്റു നീളെ നടന്നീടന്നു.
(അറിയാതെ)
സതിയായ നന്ദിനി മേ, സാധുശീല ഇവന്റെ
ചതികളെ അറിയാതെ, വിശ്വസിച്ചധുനാ
അതിമാത്രം തപം ചെയ്തു, നില്ക്കുമ്പോള് വന്നിവളെ
ആരും ഗ്രഹിച്ചിടാതെ, കൊണ്ടവന് ഗമിച്ചുപോല്‍...
(അറിയാതെ)
--
17 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ഇത് ഒരു കഥകളി ചിത്രം. ദക്ഷയാഗത്തില്‍ ദക്ഷനും ഇന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് രംഗം. ദക്ഷന് ശിവനോടുള്ള വൈരം കഥകളിയില്‍ ആദ്യമായി പ്രകടമാക്കുന്നത് ഈ രംഗത്തിലാണ്. ആദ്യരംഗങ്ങളില്‍ സൌമ്യനായുള്ള ദക്ഷന്റെ ഈ രംഗത്തോടെയുള്ള ഭാവവ്യതിയാനം ശ്രദ്ധേയമാണ്.
--
നല്ല ചിത്രം, ഹരി.
പദങള്‍ കൂടി എഴുതാമായിരുന്നില്ലേ? ദക്ഷയാഗം വെളുപ്പാന്‍ കാലത്തുമാത്രമേ കണ്ടതായി ഓര്‍മ്മയുള്ളൂ. ആകെ ഒരു ബഹളം എന്ന തോന്നലണെപ്പോഴും. അല്ലെന്നറിയാമെന്നാലും...
സുനിലിനോട്,
കമന്റിട്ടതിനു നന്ദി. പദം മുഴുവനായി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ദക്ഷയാഗം വളരെ നല്ല ഒരു കഥകളിയാണ്.
• കണ്ണിണയ്ക്കാനന്ദം നല്കിടുന്നു
• അനന്തജന്മാര്ച്ചിതമാം
• അറിയാതെ മമ
• ലോകാധിപ കാന്ത
• യാഗശാലയില്‍ നിന്നു പോക ജവാല്‍
ഈ പദങ്ങളൊക്കെയും പ്രശസ്തം തന്നെ.
--
നന്ദി.
ദക്ഷന്റെ ശൃംഗാരപദമില്ലേ? അതൊന്നെഴുതൂ. അതിലെ പ്രശസ്തമായ ആട്ടത്തിനെപ്പറ്റിയും.
നല്ല ചിത്രം ഹരീ. ഉണ്ണായിവാരിയര്‍ കലാനിലയത്തിന്റെ വളരെ അടുത്തായിരുന്നു വീട്. കൂടല്‍മാണിക്യം ഉത്സവത്തിന്നു പത്തു ദിവസവും കഥകളി, പത്താം ദിവസത്തെ ശ്രീരാമപട്ടാഭിഷേകം കഥകളി വരെ കാണാന്‍ സ്റ്റേജിന്നു മുന്പില് ചെന്നിരുന്ന്, കേളികൊട്ട് കഴിയുമ്പോഴേക്കും ഉറക്കത്തിലേക്ക് വീണിട്ടുണ്ടാകും, അത്രയുമേ, കഥകളിയുമായുള്ള ബന്ധം.
പക്ഷെ എന്റെ ഒരു സുഹൃത്ത് രാമേട്ടന് (ഏറ്റുമാനൂര്‍ കൃഷ്ണന്റെ അമ്പലത്തിലെ ശാന്തിക്കാരന്റെ മകന്)ദില്ലിയിലായിരുന്നപ്പോള്‍ കളിക്കുന്ന കളികള്ക്കെല്ലാം പോകാറുണ്ടായിരുന്നു.
ഹരീ,
നന്നായി പോസ്റ്റ്. ദക്ഷയാഗം ഇത് വരെയും അല്‍പ്പമെങ്കിലും ഉറങ്ങാതെ കാണാന്‍ പറ്റിയിട്ടില്ല. 2 മണി ഒക്കെയാവുമ്പൊ പതിഞ്ഞ ഒരു പദം വരും (എതാന്ന് കൃത്യമായി ഓര്‍മ്മയില്ല)പിന്നെ ഉണരുന്നത് അവസാനത്തെ കൂട്ടപ്പൊരിച്ചിലിനാണ്. ദക്ഷയാഗം നല്ല കളിയാണ്.
ഓടോ:(ഈ പൂരത്തിന് നാട്ടില്‍ പോയാലോ?):-)
ഹരീ, ഒന്നു പാടൂ, അതിനുള്ള സൂത്രമൊക്കെ അറിയുമായിരിയ്ക്കും അല്ലേ? :-)
ഹരീ.. നന്ദി.
ദക്ഷയാഗത്തിലെ വരികളും അതിന്റെ സന്ദര്‍ഭവും വിവരിച്ചതിന്.
കൃഷ് | krish
സുനിലിനോട്,
ദക്ഷന്റെ ശൃംഗാരപദം എന്നുദ്ദേശിച്ചത് കണ്ണിണയ്ക്കാനന്ദത്തിനു മുന്‍പുള്ള പദമാണ്. അല്ലേ? അത് ഇപ്പോള്‍ ചുരുക്കം സ്ഥലങ്ങളിലേ ആടാറുള്ളൂ. അതിലെ ആട്ടത്തിന്റെ കാര്യത്തെക്കുറിച്ച് എനിക്കറിവില്ല. എന്തു പ്രത്യേകതയാണെന്ന് ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
--
കുറുമാനോട്,
കേളികൊട്ട് കഥകളിയിലെ ആദ്യ ചടങ്ങാണ്. ഏതാണ്ട് സന്ധ്യാനേരത്താണ് അതു നടത്തുക. അപ്പോഴേ ഉറക്കമാവുമെന്നോ? അതോ മറ്റേതെങ്കിലും ചടങ്ങിനെയാണോ ഉദ്ദേശിച്കത്?
--
ദില്‍ബാസുരനോട്,
ലോകാധിപ കാന്ത എന്ന പദമാണ് ഇടയ്ക്കുവരുന്നത്. പക്ഷെ, എനിക്ക് പതിഞ്ഞ പദങ്ങളാണ് കൂടുതലിഷ്ടം. ദക്ഷയാഗത്തില്‍ ഞാനിഷ്ടപ്പെടാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത്, അവസാനത്തെ യുദ്ധരംഗമാണ്.
--
ജ്യോതിര്മയിയോട്,
ഞാനിവിടെ ചില ബ്ലോഗുകളില്‍ കണ്ടു. അതെന്തോ ഒരു ആപ്ലെറ്റാണെന്നു തോന്നുന്നു, അല്ലേ? ജ്യോതി പറഞ്ഞതിനാല്‍ ഞാനൊന്നു റിക്കാര്‍ഡ് ചെയ്തു നോക്കി, എന്റമ്മേ, ഇത്രയും മോശമായാണ് ഞാന്‍ പാടുക എന്ന് ഞാന്‍ കരുതിയില്ല. ഇനിയിപ്പോള്‍ മൂളാന്‍ പോലും എനിക്ക് ധൈര്യമില്ല. :)
--
കൃഷ്,
വളരെ സന്തോഷം... :)
--
ലോകാധിപാ കാന്ത...
ആണെന്നു തോന്നുന്നു ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കു പരിചയം കൂടുതല്‍.പദങ്ങള്‍ കൂടുതല്‍ അറിയുമങ്കില്‍ വീണ്ടും ഇവിടെ കണ്ടുമുട്ടാം.
കെ. മാധവിക്കുട്ടിയോട്,
തീര്‍ച്ചയായും. പദങ്ങളെനിക്കിഷ്ടമാണ്. അതുകൊണ്ട് നമുക്കിവിടെയൊക്കെ കണ്ടുമുട്ടിക്കൊണ്ടേയിരിക്കാം.
--
കഥകളി വഴിയ്ക്കാണ് പദങ്ങളുമായി പരിചയമെങ്കില്‍ ഈ പദങ്ങളൊക്കെയും പരിചിതമാവണം... തിരുവാതിരകളി വഴിയ്ക്കാണെങ്കില്‍ ലോകാധിപയും, യാമി യാമിയും, വീര വിരാടയുമൊക്കെയാവും കൂടുതല്‍ പരിചയം...
അങ്ങിനെയല്ലേ?
--
ഹരീ,
നല്ല പോസ്റ്റ്; നന്ദി. തെരഞ്ഞെടുത്ത നല്ല പദങ്ങള്‍ ഇനിയും പോസ്റ്റ്ചെയ്യുമല്ലോ.
തമ്പിയുടെ ദക്ഷയാഗത്തില്‍ സതി ആത്മാഹുതി ചെയ്യുന്നതായി പരാമര്‍ശമില്ല എന്നുതോന്നുന്നു; യാഗത്തിനുപോയി അപമാനിതയായി മടങ്ങി വന്ന്, അഹങ്കാരിയായ താതനെ കൊല്ലാന്‍ താമസമേതുമരുതെന്നു ഭര്ത്താവിനോടുപറയുന്നതായോ മറ്റൊ അല്ലേ? അത് ദഹിയ്ക്കാത്തതുകൊണ്ട് എനിക്ക് ദക്ഷയാഗം അത്ര ഇഷ്ടമായിരുന്നില്ല...
ഉണ്ണിയോട്,
അതെ, ദക്ഷയാഗം കഥയില്‍ ഇങ്ങിനെയൊരു വ്യതിയാനം കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ, ഇങ്ങിനെ ചിന്തിക്കൂ. സതി, എന്നത് ദക്ഷന്റെ മകള്‍ അല്ലായിരുന്നു. അവളെ ദക്ഷന് വരദാനമായി നല്‍കിയതാണ്. പിന്നീട് സതി, ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കുവാനുള്ള ഒരു നിമിത്തമായി. ദക്ഷന് ‘യാഗശാലയില്‍ നിന്നു പോക ജവാല്‍’ എന്ന പദത്തില്‍ പറയുന്നുമുണ്ട്, ഞാനിനി മേലില്‍ നിന്റെ അച്ഛനായിരിക്കില്ലെന്ന്. ദക്ഷനങ്ങിനെ പറഞ്ഞ നിമിഷം, സതിയുടെ ജന്മോദ്ദേശം പൂര്‍ത്തിയായി. അതുകൊണ്ട് സതി ദേഹം വിട്ട് ബ്രഹ്മത്തില്‍ ലയിക്കുന്നു. ഉണ്ണി പറയുന്നത്, നമ്മുടെ ലൌകിക ലോകത്തിലെ ബന്ധങ്ങളെ ആസ്പദമാക്കിയാണ്, മകള്‍ അച്ഛനെ കൊല്ലുവാന്‍ പറയുന്നു എന്നത് മോശമാവുന്നത് നമ്മുടെ ഈ ലൌകിക ജീവിതത്തിലാണ്. ആ രീതിയില്‍ ദക്ഷന്-സതി ബന്ധത്തെ കാണേണ്ടതില്ല... അതുകൊണ്ട് ദക്ഷയാഗത്തോട് ഇഷ്ടക്കുറവും തോന്നേണ്ടതില്ല... :)
--
രണ്ട് വഴിക്കുമുണ്ടെങ്കിലും തിരുവാതിര തന്നെ മുന്നില്‍.
തരുണീ ഞാന്‍ എന്തു ചെയ്വൂ... എന്ന പദ ത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ എഴുതാമൊ?
"തരുണീ ഞാനെന്തു ചെയ്വൂ” അതൊരു സ്വാതിതിരുനാള്‍ കീര്‍ത്തന(പദം, സ്തുതി)മല്ലേ? മോഹിനിയാട്ടത്തില്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. തിരുവാതിരയിലും ഉപയോഗിക്കാറുണ്ട്, അല്ലേ? ഇതിനെക്കുറിച്ച് കൂടുതലെനിക്കറിയില്ല, ഇവിടെ അതിന്റെ സാഹിത്യവും അര്‍ത്ഥവും നല്‍കിയിട്ടുണ്ട്. കൂട്ടത്തില്‍ ശ്രീവത്സന്‍ ജെ. മേനോന്റെ ആലപിക്കുകയും ചെയ്തിരിക്കുന്നു.
--
ശരിയാണു.മോഹിനിയാട്ടത്തിലാണു ഉപയോഗം.വളരെ നന്ദി.
ഹലോ ഹരീ ... ബ്ലോഗ് കണ്ടു. ദക്ഷയാഗം ഫോടോയും. ദക്ഷയാഗത്തില്‍ ശിവന്റെ വേഷം പഴുപ്പ് അല്ലെ?