
തെക്കന്‍ കേരളത്തില്‍ കാവുകളെന്നാല് സര്‍പ്പക്കാവുകളാണ്. മിക്കവാറും എല്ലാ നമ്പൂതിരി, നായര്‍ തറവാടുകളിലും സര്‍പ്പക്കാവുകളുണ്ടായിരുന്നു. ജൈവ-സസ്യ വൈവിധ്യങ്ങളുടെ സങ്കരമായിരുന്നു പണ്ടുള്ള കാവുകള്‍. ഒട്ടനവധി ഔഷധസസ്യങ്ങളും കാവുകളില്‍ നിന്നും ലഭ്യമായിരുന്നു. കാവുകളിലെ സര്‍പ്പാരാധനയുടെ ലക്ഷ്യം തന്നെ അവയുടെ പരിപാലനമായിരുന്നു.
കാവുകളുടെ പ്രാധാന്യമറിയാതെ ഒട്ടുമിക്ക കാവുകളും ഇന്ന് മനുഷ്യന് തെളിച്ചു കഴിഞ്ഞു. മറ്റൊരു സിമിന്റ് തറയും അതിലെ ബിംബങ്ങളുമായി സര്‍പ്പക്കാവുകള്‍ മാറി. ഇന്ന് കാവിലെ പൂജയും വിളക്കുമൊക്കെ കേവലം മറ്റൊരു ആചാരം മാത്രം. ചിലകാവുകളിലെ സര്‍പ്പങ്ങള്‍ മണ്ണാറശ്ശാലയിലേക്ക് കുടിയേറി, കാവുകളുടെ സ്ഥാനത്ത് വീടുകള്‍ വന്നു, ഔഷധസസ്യങ്ങള്‍ തേടിയെത്തിയിരുന്ന ഉള്ളാടത്തികളും എങ്ങോ പോയ് മറഞ്ഞു. അവശേഷിക്കുന്ന കാവുകളില്‍ ഒന്നാണിത്.

--